മഴ വന്നപ്പോള്‍
ഇന്ന് വൈകുന്നേരം... ഉമ്മറത്തിണ്ണമേല്‍ വെറുതേ അതുമിതും പറഞ്ഞ് ഇരുന്നപ്പോഴാണ്, മഴ പെയ്തത്. രണ്ടു ദിവസമായി കൊതിപ്പിച്ച് കടന്നു പോകുന്ന തണുത്തകാറ്റ് ഇന്ന് നിറയേ കുളിരുമായ് വന്നു.അലറിപ്പെയ്യാന്‍ കൂട്ടാക്കാതെ ഇരുണ്ടമുഖവുമായി എന്‍റെ ജനായ്ക്കല്‍ വന്ന് കാറ്റ് മുട്ടി വിളിച്ചു.തണുത്ത കാറ്റ് ഉമ്മറത്തിണ്ണമേല്‍ ഞങ്ങളോടൊപ്പം ചേര്‍ന്നിരുന്നു.വരണ്ടു കിടന്ന ഭൂമി പാടുന്നത് നല്ല ഇമ്പമാര്‍ന്ന പാട്ടുകള്‍...തിളച്ചു പൊങ്ങുന്ന ആവിയിലേയ്ക്ക് മഴത്തുള്ളികള്‍ ഇറ്റുമ്പോള്‍ ഉമ്മറത്തിണ്ണ കടന്ന് നനഞ്ഞ മണ്ണിന്‍റേ മണം എന്‍റെ അഴികളുള്ള മുറിയിലേയ്ക്ക് കടക്കുന്നു.
എന്‍റെ ഏകാന്തത കടം കൊണ്ട എന്‍റെ സ്വകായതകള്‍ തുടിക്കുന്ന എന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളുറങ്ങുന്ന മുറി.നനഞ്ഞ മണ്ണിന്‍റെ മണം കടന്നു പോയ വഴികളിലൂടെ ഞാന്‍ നടന്നു.സ്വപ്നങ്ങളുറങ്ങുന്ന എന്‍റെ മുറി എനിക്കു മുന്നില്‍ തുറന്നു കിടക്കുന്നു. നേര്‍ത്ത മഴയുടെ ഈണവുംനനുത്ത കുളിരുംനനഞ്ഞ മണവും എന്നിലേയ്ക്ക് അലിഞ്ഞിറങ്ങുന്നു. ഞാന്‍ വീണ്ടും കുട്ടിയാകുന്നു.ഓര്‍മ്മകള്‍ക്കു മുന്നിലെ മാവുകള്‍ പൂക്കുന്നു. കാറ്റില്‍ വീഴുന്ന മാമ്പഴം ചാടിയെടുക്കുന്നു. എന്തു മധുരം, ഹാ!!!അതേ, ഞാന്‍ വീണ്ടും കുട്ടിയാകുന്നു,മാമ്പഴവും മഴയും ഇഷ്ടപ്പെട്ട ആ പഴയ കുട്ടി.


